കൊച്ചി: ഇന്ത്യൻ തീരങ്ങളിൽ മത്സ്യ ലഭ്യതയിൽ വൻ വർധനയുണ്ടായി. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ, 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം പിടിച്ചതായി പ്രതിപാദിക്കുന്നു. മുൻ വർഷത്തേക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനം വർധനയുണ്ടായതായി കണ്ടെത്തി.
രാജ്യത്തെ ഏറ്റവും കൂടുതൽ മത്സ്യം പിടിച്ചത് തമിഴ്‌നാട്ടിലാണ്. 6.85 ലക്ഷം ടൺ മത്സ്യ ലഭ്യതയുമായി ഒന്നാം സ്ഥാനത്ത്. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനത്ത് തുടരുന്നു.
കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം വർധിച്ച് 1.68 ലക്ഷം ടണ്ണായി. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന ലഭ്യതയാണിത്. 2013-ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയുമാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ആകെ സമുദ്ര മത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. കിളിമീൻ, കണവ, കൂന്തൽ, നീരാളി എന്നിവയിലും വർധനയുണ്ടായി. തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത കുറഞ്ഞു.
Photo and News Source: Kerala Online News









