ഊട്ടിയിൽ മെയ് 1 മുതൽ സീസൺ തിരക്കിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. പുഷ്പമേള പോലുള്ള പരിപാടികൾ കാണാൻ ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ നടപടി.

മെയ് 1 മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴി ഊട്ടിയിൽ പ്രവേശിക്കുകയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴി പോകുകയും ചെയ്യും. ചെറിയ വാഹനങ്ങൾ മേട്ടുപ്പാളയത്തിൽ നിന്നും കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം.

കുനൂരിൽ നിന്നുള്ള ബസുകൾ, വാനുകൾ എന്നിവ ആവിനിലും ഗൂഡല്ലൂരിൽ നിന്നുള്ള വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നുള്ളവ ആർട്‌സ് കോളജ് മൈതാനിയിലും പാർക്ക് ചെയ്യേണ്ടതാണ്. മുതുമലയിൽ നിന്നുള്ള വാഹനങ്ങൾക്ക് മസിനഗുഡി വഴി ഊട്ടിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണമുണ്ടാകും. കല്ലട്ടി ചുരം കയറി വരുന്ന റോഡിൽ ചെക് പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. കർണാടക, കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലെത്താനാകൂ. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.

Photo and News Source: Kerala Online News