ന്യൂഡൽഹിയിൽ വച്ച്, മിസ് ഇന്റർനാഷണൽ ഇന്ത്യ 2023 കിരീടം നേടിയ കാശിഷ് മെത്വാനി, ഗ്ലാമറും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വാഗ്ദാനവും ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു. ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും ഐഐഎസ്സിയിൽ ന്യൂറോ സയൻസിൽ തീസിസും പൂർത്തിയാക്കിയ കാശിഷിനെ ഹാർവാർഡ് യൂണിവേഴ്സിറ്റി തേടിയെത്തിയിരുന്നു.

എന്നാൽ, വിദേശ ജോലിയോ ഗവേഷണമോ അല്ല, ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം തന്നെ ലക്ഷ്യമെന്ന് കാശിഷ് ഉറപ്പിച്ചു. 2024-ലെ സിഡിഎസ് പരീക്ഷയിൽ രണ്ടാം റാങ്കോടെ വിജയിച്ചാണ് അവർ തന്റെ ദൃഢനിശ്ചയം തെളിയിച്ചത്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ കഠിന പരിശീലനത്തിന് ശേഷം ഓർഡിനൻസ് കോറിൽ ലെഫ്റ്റനന്റായി നിയമിതയായി.

2025 സെപ്റ്റംബർ 6-ന് ആർമി എയർ ഡിഫൻസ് റെജിമെന്റിൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്യപ്പെട്ടു. മുംബൈയിലെ ഉല്ലാസ്നഗറിൽ ജനിച്ച കാശിഷ്, സിന്ധി കുടുംബത്തിൽ നിന്നുള്ള സൈന്യത്തിലെ ആദ്യ വനിതയാണ്. അച്ചടക്കവും സേവനവും മുഖമുദ്രയായ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് അവർ വന്നത്. പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഗുര്മുഖ് ദാസ് മെത്വാനിയുടെയും, ആർമി പബ്ലിക് സ്കൂൾ അധ്യാപികയായ ശോഭ മെത്വാനിയുടെയും മകളാണ് കാശിഷ്. ദേശീയ തലത്തിലുള്ള പിസ്റ്റൾ ഷൂട്ടറും, ഭരതനാട്യത്തിലും തബലയിലും പ്രാവീണ്യം ഉള്ളവളുമാണ് അവർ.

Photo and News Source: Janam TV