കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ല, സ്ഥാപനവൽക്കൃത കൊലയാണെന്ന് നടൻ പ്രേംകുമാർ ആരോപിച്ചു. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ അദ്ദേഹം, നിതിന്റെ മരണം സംബന്ധിച്ച കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും ആവശ്യപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജാതി ചിന്ത പേറുന്ന മനസ്സുകൾ ഇപ്പോഴും നിലനിൽക്കുന്നത് വർത്തമാനകാലത്തിന്റെ ഏറ്റവും വലിയ ദുരന്തമാണെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. സമൂഹവും വിദ്യാലയങ്ങളും ചിലർക്ക് സ്വപ്നങ്ങളും പ്രത്യാശയും നൽകുമ്പോൾ മറ്റുള്ളവർക്ക് അപമാനവും അവഹേളനവും മാത്രം നൽകുന്നുവെന്നും പ്രേംകുമാർ വിമർശിച്ചു.

നിതിൻ രാജിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല, ഒരു പാറ്റേണാണെന്നും അദ്ദേഹം പറഞ്ഞു. മതവും ജാതിയും വർഗവും വർണ്ണവും നോക്കി മനുഷ്യരെ അളക്കുന്ന അളവുകോലുകൾ പുറത്തെടുത്ത് പൊതുമധ്യത്തിൽ മൂർച്ച കൂട്ടുന്നു. അത്തരം ക്രൂരമായ അവഹേളനങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പരിഷ്കൃത സമൂഹം എന്നറിയപ്പെടുന്ന നാം കെട്ടുകാലത്തിന്റെ പ്രതീകമായി മാറുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

രോഹിത് വെമുല, നിതിൻ രാജ് തുടങ്ങിയ പേരുകൾ ഈ ക്രൂരതയുടെ ഇരകളായി മാറിയവരുടെ പട്ടികയിലുണ്ടെന്ന് പ്രേംകുമാർ കുറിപ്പിൽ സൂചിപ്പിച്ചു. ആത്മാവിൽ മുറിവേറ്റവരായി അപമാനഭാരത്താൽ നിസ്സഹായരായി കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Photo and News Source: Kerala Online News