ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികള്‍ ബലാത്സംഗത്തിനിരയാകുമ്പോള്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നിലവിലുള്ള നിയമപ്രകാരം 20 ആഴ്ച കഴിഞ്ഞും അനാവശ്യ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന രീതിയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
15 വയസ്സുള്ള ഒരു ബലാത്സംഗ ബാധിത പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നിരാകരിച്ചുകൊണ്ട് എയിംസ് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചു. ബലാത്സംഗത്തിലൂടെ ഉണ്ടാകുന്ന ഗര്‍ഭധാരണത്തിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജൈവികമായ നിയമം മാറുന്ന കാലത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ അവള്‍ക്ക് ജീവിതകാലം മുഴുവന്‍ മാനസികാഘാതവും വിഷമവും അനുഭവിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ചേർന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. അനാവശ്യ ഗര്‍ഭധാരണം ഒരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും, അമ്മയ്ക്ക് ശാരീരിക വൈകല്യങ്ങള്‍ സംഭവിക്കില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്നും കോടതി വ്യക്തമാക്കി.
Photo and News Source: Sathyam Online









