മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ നിഴലിൽ ഇന്ത്യയുടെ വളം ഉത്പാദനം ഗണ്യമായി കുറയുന്നു. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 26 വരെയുള്ള കാലയളവിൽ രാജ്യത്തെ ആഭ്യന്തര വളം ഉത്പാദനം 59.01 ലക്ഷം ടണ്ണായി ചുരുങ്ങി. മുൻവർഷം ഇതേ കാലയളവിൽ 76.09 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. ഏപ്രിലിന്റെ അവസാന നാലു ദിവസങ്ങളിൽ നാലു മുതൽ അഞ്ചു ലക്ഷം ടൺ വളം ഉണ്ടായാലും ഇക്കാലത്തെ ഉത്പാദന കുറവ് 12 ലക്ഷം ടണ്ണിനെ മറികടക്കുമെന്ന് കണക്കാക്കുന്നു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും പ്രകൃതി വാതകത്തിന്റെ ലഭ്യത കുറയുന്നതും വളം ഉത്പാദനത്തെ ബാധിച്ചിരിക്കുന്നു.
ഇൻഡൊനേഷ്യ, മലേഷ്യ, മൊറോക്കോ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ ഇപ്പോൾ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത്. സംഘർഷത്തെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനയും വളം ഉത്പാദക കമ്പനികളെ ബാധിച്ചിരിക്കുന്നു. യൂറിയയുടെ ഇറക്കുമതി ടെൻഡറിൽ ടണ്ണിന് 935 മുതൽ 959 ഡോളർ വരെയായി ഉയർന്നു. ഫെബ്രുവരിയിലെ 508 മുതൽ 512 ഡോളർ എന്ന നിരക്കിൽനിന്നാണ് വലിയ വ്യത്യാസം. ഡി.എ.പി.യുടെ വിലയും 680-720 ഡോളറിൽനിന്ന് 865-925 ഡോളറായി ഉയർന്നു. സൾഫറിന്റെ വില 300 മുതൽ 550 ഡോളർ വരെ ആയിരുന്നത് 900 ഡോളറിലേക്ക് ഉയർന്നു.
Photo and News Source: Kerala Online News










