ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 117 കോടി രൂപ മൂല്യമുള്ള 657-ഓളം പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. രാജ്യാന്തര കള്ളക്കടത്ത് ശൃംഖലകളിലൂടെയാണ് ഈ അപൂർവ്വ ശേഖരം അമേരിക്കയിലെത്തിയത്. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്.

കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിന്റെ ശൃംഖലയുമായി ബന്ധപ്പെട്ട ക്രിമിനലുകളിൽ നിന്ന് കണ്ടെടുത്ത ഈ പുരാവസ്തുക്കളിൽ, 2 മില്യൺ ഡോളർ വിലമതിക്കുന്ന അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹമാണ് ഏറ്റവും പ്രധാനം. റായ്പൂരിലെ മ്യൂസിയത്തിൽ നിന്ന് 1982-ൽ മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 2025-ൽ ന്യൂയോർക്കിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്നാണ് പിടിച്ചെടുത്തത്. 7. 5 മില്യൺ ഡോളർ വിലമതിക്കുന്ന ചുവന്ന മണല്‍ക്കല്ലിലെ ബുദ്ധ പ്രതിമയും ഇതിലുണ്ട്.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള കടത്ത് സംഘങ്ങളുടെ പ്രവർത്തനങ്ങൾ വളരെ വലുതാണെന്ന് ആല്‍വിൻ ബ്രാഗ് വ്യക്തമാക്കി. മാന്‍ഹട്ടൻ അറ്റോർണി ഓഫീസിനും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിനും ഇന്ത്യൻ കോൺസുല്‍ ജനറൽ ബിനായ് പ്രധാന് നന്ദി രേഖപ്പെടുത്തി.

Photo and News Source: Samakalika Malayalam