തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ സ്ഥാനാർഥിക്കും 14 മുതൽ 25 വരെ കൗണ്ടിങ് ഏജന്റുമാർ ഉണ്ടാകും. ഓരോ മണ്ഡലത്തിലും വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് ക്രമീകരിക്കുന്ന മേശകളും തപാൽ ബാലറ്റും സർവീസ് വോട്ടും എണ്ണാനുള്ള സംവിധാനവും വ്യത്യാസപ്പെടും. ഓരോ ബൂത്തിൽ പരമാവധി 1200 വോട്ടുകൾ എന്ന നിബന്ധനയാൽ 14 ഇ.വി.എം. മേശകളേ ആവശ്യമാകൂ.

സ്‌ട്രോങ് റൂമിൽ നിന്ന് വോട്ടെണ്ണൽ ഹാളിലേക്ക് ഇ.വി.എം. കൊണ്ടുവരുന്നത് ക്യാമറയിൽ പൂർണമായി ചിത്രീകരിക്കും. ഒരേ മണ്ഡലത്തിലെ ഏജന്റുമാരോ വോട്ടിങ് യന്ത്രമോ മറികടക്കരുത്. വോട്ടെണ്ണൽ ഹാളിലും സി.സി.ടി.വി. നിരീക്ഷണവും വെബ്കാസ്റ്റിംഗും ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 8 മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിൽ ആദ്യം തപാൽ വോട്ടും 8:30-ന് ഇ.വി.എമ്മിലെ വോട്ടും എണ്ണും.

ഒരുമണിക്കൂറിനകം ആദ്യ ഫലസൂചന ലഭിക്കുമെങ്കിലും ഓരോ റൗണ്ടിലും എണ്ണിത്തീർന്ന് ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനുശേഷമേ കണക്ക് എൻകോഡറിൽ അപ്‌ലോഡ് ചെയ്യൂ. വോട്ടെണ്ണൽ ഹാളിന്റെ 100 മീറ്റർ പരിധിയിൽ പോലീസും, ഹാളിനടുത്തുവരെ സായുധ പോലീസും സുരക്ഷ ഒരുക്കും. ഹാളിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. ഏജന്റുമാർക്ക് വോട്ടെണ്ണൽ കാണാൻ സൗകര്യമുള്ള ഇരിപ്പിടം ക്രമീകരിക്കും. മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ചിരിക്കുന്നു.

Photo and News Source: Mathrubhumi