ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍ ആരംഭിക്കുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആദ്യം വാദിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് നാലിന് ശേഷം സംസ്ഥാന സർക്കാരിന്റെ വാദം നടക്കാന്‍ സാധ്യതയുണ്ട്.

യുവതി പ്രവേശന കേസിന് എട്ട് ദിവസം കൊണ്ട് ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ വാദം പൂർത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ, യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം ഒമ്പത് ദിവസം നീണ്ടു. ഇന്നലെ ഈ വാദം പൂർത്തിയായതോടെ, ഇന്ന് മുതല്‍ പുനപരിശോധന ഹർജിയെ എതിര്‍ക്കുന്നവരുടെ വാദം തുടങ്ങുന്നു.

ബിന്ദു അമ്മിണിയ്ക്കും കനക ദുര്‍ഗയ്ക്കുമായി നേരത്തെ ശബരിമല കേസില്‍ ഹാജരായ ഇന്ദിര ജയ്‌സിങ് ആദ്യം വാദിക്കും. 15-ലേറെ കക്ഷികളാണ് യുവതി പ്രവേശനത്തെ അനുകൂലിച്ച് വാദങ്ങൾ സമർപ്പിച്ചത്.

Photo and News Source: Kerala Online News