ന്യൂഡൽഹി: തമിഴ്‌നാട്ടിൽ നിന്നുള്ള ഒലിവ് റിഡ്‌ലി ആമകളുടെ സഞ്ചാരപഥം നിരീക്ഷിച്ചതിലൂടെ സമുദ്രത്തിലെ അജ്ഞാതമായ 'ശ്രീലങ്കൻ ഡോം' എന്ന പ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
ഉപഗ്രഹ ചിത്രങ്ങളിലൂടെ കണ്ടെത്തിയ ഈ പ്രദേശം, ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. സമുദ്രജീവികളുടെ പ്രധാന വിഹാരകേന്ദ്രമായ ഈ മേഖലയിലേക്ക് ഒഡീഷയിൽ നിന്നുള്ള ആമകളും എത്തുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
കാറ്റും സമുദ്രജലപ്രവാഹങ്ങളും ചേർന്ന് രൂപപ്പെടുന്ന ഓഷ്യൻ ഡോം, പോഷകസമൃദ്ധമായ തണുത്ത ജലത്തെ മുകളിലേക്ക് തള്ളുന്നു. സൂര്യപ്രകാശം ലഭിക്കുന്ന ഈ ജലത്തിൽ പ്ലവകങ്ങൾ വളർന്ന് ചെറുമീനുകളെയും കടൽജീവികളെയും ആകർഷിക്കുന്നു.
മേയ് മാസത്തിൽ രൂപപ്പെടുന്ന ശ്രീലങ്കൻ ഡോം ജൂലൈ-ഓഗസ്റ്റിൽ ശക്തമാവുകയും സെപ്റ്റംബറോടെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ സമയത്താണ് ആമകൾ പഴയ വാസസ്ഥലങ്ങളിലേക്ക് മടങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ആവാസവ്യവസ്ഥയാണെങ്കിലും ശ്രീലങ്കൻ ഡോമിനെക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Photo and News Source: Mathrubhumi










