തൃശൂരിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വൈകീട്ട് 8.10 മുതൽ 8.40 വരെ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ഹൃഷികേശ് നമ്പൂതിരി കൊടിയേറ്റ കര്‍മ്മം നിർവ്വഹിച്ചു. മണക്കാട് പരമേശ്വരന്‍ നമ്പൂതിരി, മക്കളായ അഖില്‍, നിഖില്‍ എന്നിവര്‍ പരികര്‍മ്മികളായി പങ്കെടുത്തു. ഒട്ടേറെ ഭക്തര്‍ ചടങ്ങ് ദര്‍ശിക്കാനായി ക്ഷേത്രത്തിലെത്തിയിരുന്നു.

താന്ത്രികച്ചടങ്ങിന് പ്രാധാന്യം നല്‍കുന്ന ഉത്സവത്തില്‍ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടിയേറ്റം നടന്നത്. തന്ത്രി കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് കൂറും പവിത്രവും നല്‍കി സ്വീകരിക്കുന്ന ചടങ്ങായിരുന്നു ഇത്. കുളമണ്‍ ഇല്ലത്തെ രാമചന്ദ്രന്‍ മൂസ്സതാണ് ചടങ്ങ് നിര്‍വഹിച്ചത്. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവ ആവാഹിച്ച് പൂജിച്ചു.

തുടർന്ന് പാണികൊട്ടി പുറത്ത് വന്ന് കൊടിമര പ്രദക്ഷിണം ചെയ്ത് പൂജ നടത്തി. കൊടിയേറ്റം പൂർത്തിയാക്കി. ഉത്സവത്തോടനുബന്ധിച്ച് ഭഗവാന്‍ ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ബുധനാഴ്ച രാത്രി 9.30 ന് നടക്കും. ഇതോടെ ആദ്യത്തെ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും.

Photo and News Source: Samakalika Malayalam