കോഴിക്കോട്: അൻപതിലധികം മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാറിനെയും (38) കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 24-ന് കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനടുത്തുള്ള സൈബർ ഫോറൻസിക് വിദഗ്ദ്ധൻ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടിൽ നിന്ന് 20 പവനോളം സ്വർണം മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. വീട്ടുകാർ യാത്ര പോയ സമയം നോക്കി വാതിൽ പൊളിച്ചാണ് മോഷണം നടത്തിയത്.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച താമരശ്ശേരി സ്വദേശി ജെയിംസിനെയും (57) പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശപ്രകാരം ഡിസിപി പദംസിങ്, ടൗൺ എസിപി പ്രമോദൻ കെ.വി., നടക്കാവ് സിഐ ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളിലൂടെ മോഷണം നടത്തിയത് അനിൽകുമാറാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
കർണാടകത്തിലും തമിഴ്നാട്ടിലും തിരച്ചിൽ നടത്തിയെങ്കിലും ഒളിവിൽ തുടർന്ന അനിൽ, പിന്നീട് തമിഴ്നാട്ടിലെ കമ്പത്തിലുള്ള ഒരു കോളനിയിൽ താമസിക്കുന്നുവെന്ന വിവരം ലഭിച്ചു. എന്നാൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് അവിടെ എത്തിയതോടെ അനിൽ തേനിയിലേക്ക് കടന്നു. ഒടുവിൽ തേനി ടൗണിൽ വെച്ച് സാഹസികമായി കേരള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അനിൽകുമാറിന്റെ അറസ്റ്റോടെ കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലെ എട്ടോളം കവർച്ചാ കേസുകൾക്ക് തുമ്പുണ്ടായിട്ടുണ്ട്.
Photo and News Source: Mathrubhumi










