തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കെഎസ്ഇബിക്ക് അധിക വൈദ്യുതി വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷൻ നല്കി. ഹ്രസ്വകാലാടിസ്ഥാനത്തിലാണ് ഈ നടപടി. മെയ് പകുതി വരെ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാൻ 250 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭ്യമാക്കും.

യൂണിറ്റിന് പരമാവധി 10 രൂപയും, അഞ്ച് പൈസ വരെ മാര്‍ജിനും നിശ്ചയിച്ചിട്ടുണ്ട്. പവർ എക്സ്ചേഞ്ചുകളിലെ 'ടേം എ ഹെഡ് മാർക്കറ്റ്' വഴി വാങ്ങുമ്പോൾ സുതാര്യമായ രീതിയിൽ വൈദ്യുതിയുടെ അളവും വിലയും നിശ്ചയിക്കാനാകും. ഒടിസി പ്ലാറ്റ്ഫോം ഉപയോഗിക്കാനും കമ്മീഷൻ അനുമതി നല്കി.

ഹ്രസ്വകാല വൈദ്യുതി സംഭരണം നിയന്ത്രിക്കുന്നതിനായി അപെക് കമ്മിറ്റി, ഓപ്പറേഷണൽ കമ്മിറ്റി എന്നീ സമിതികളെ രൂപീകരിക്കാനും കമ്മീഷൻ അനുമതി നല്കി. വൈദ്യുതി വാങ്ങുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാനും, സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം ദിവസവും വിലയിരുത്താനും പ്രത്യേക സംവിധാനം ഒരുക്കണമെന്ന് നിർദ്ദേശം.

വൈദ്യുതി വാങ്ങി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പൂർണ്ണ വിവരങ്ങളും ചെലവായ തുകയും കമ്മീഷനെ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ വ്യക്തമാക്കി. കടുത്ത വേനലും വൈദ്യുതി ഉപഭോഗത്തിലുണ്ടായ അപ്രതീക്ഷിത വർധനയുമാണ് ഈ നടപടിക്ക് കാരണമായത്. വേനൽ മഴയുടെ കുറവും, എൽപിജി ലഭ്യതയുടെ കുറവും പാചകത്തിന് വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം വർധിപ്പിച്ചതും വൈദ്യുതി ആവശ്യകത വർധിപ്പിച്ചു.

Photo and News Source: Samakalika Malayalam