സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും, ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്ത മന്ത്രിയുടെ പെരുമാറ്റവും യോഗത്തില്‍ ചര്‍ച്ചയായി. ഇതിനു പിന്നാലെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെന്നും, എന്നാല്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കേണ്ടി വന്നതെന്നും വീണാ ജോര്‍ജ് യോഗത്തില്‍ തുറന്നടിച്ചു. തന്നെ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും, എന്നാല്‍ മത്സരിക്കാന്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ താന്‍ തന്നെ വേണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മന്ത്രിയും നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായത്.
നേരത്തെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണം നഷ്ടപ്പെട്ടിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ലെന്നും, പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും യോഗത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Photo and News Source: Siraj Live









