പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷവും ആറുമാസവും കഠിനതടവും പിഴയും വിധിച്ച് കോടതി. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി മഞ്ജിത്ത് ടി. ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. കോന്നി കോട്ടയം ഏഴുമൺ രാജേഷ് ഭവനിൽ രാജീവ് (32) ആണ് കേസിലെ പ്രതി.
2020-ലെ കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 13 വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിക്ക് 1,11,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും.
കോന്നി എസ്.എച്ച്.ഒ. ബി. രാജഗോപാലാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എസ്.ഐ. ഹസീനയും സഹായിച്ചു. പോക്സോ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
Photo and News Source: Siraj Live









