'മിന്നൽ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒന്നിച്ചെത്തിയ 'അതിരടി' തിയറ്ററുകളിൽ ചിരിയുടെയും ആവേശത്തിന്റെയും പൂരമൊരുക്കുന്നു. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടങ്ങളുമായി കുതിക്കുകയാണ്. പ്രവൃത്തിദിനത്തിൽ റിലീസ് ചെയ്തിട്ടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിലിന്റെ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ 5.50 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 4.25 കോടിയും മൂന്നാം ദിനമായ ശനിയാഴ്ച 1.41 കോടിയിലേറെയും ചിത്രം സ്വന്തമാക്കി. ഇതോടെ വെറും മൂന്നുദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി 13.63 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്.

സ്കൂൾ അവധിക്കാലം ആരംഭിച്ചതിനാൽ വരും ദിവസങ്ങളിലും തിയറ്ററുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. സാംകുട്ടി എന്ന വിദ്യാർഥിയും കുട്ടൻ എന്ന റൗഡിയും തമ്മിലുള്ള ഈഗോയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധന്റെ ആദ്യ സംവിധായക സംരംഭം കൂടിയാണ് ഈ ചിത്രം.

വിനീത് ശ്രീനിവാസൻ, വിഷ്ണു അഗസ്ത്യ, റിയ ഷിബു, ഷാൻ റഹ്മാൻ, സറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിനീത് ശ്രീനിവാസന്റെയും ഷാൻ റഹ്മാന്റെയും കോമഡി പ്രകടനങ്ങളും, ടൊവിനോയുടെ ലോക്കൽ ലുക്കിലുള്ള അഭിനയവും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. തിയറ്ററുകളിൽ കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പക്കാ മാസ് കോമഡി എന്റർടെയ്‌നറാണ് 'അതിരടി' എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

Photo and News Source: Sathyam Online