എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് മീനച്ചിൽ യൂണിയൻ പാലായിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. അധികാരത്തിന്റെ തണലിൽ കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതെന്ന് മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ ലീഗുകാരുടെ കൈവെട്ടുമെന്ന വിവാദ പരാമർശവും അദ്ദേഹം പ്രസംഗത്തിൽ നടത്തി.

വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും, ലീഗ് നേതൃത്വം ഇത്തരം പ്രവണതകൾ കാണിക്കുന്നവരെ നിലയ്ക്കുനിർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. മതസാഹോദര്യമുള്ള മണ്ണിൽ വർഗീയ കലാപങ്ങൾ അഴിച്ചുവിടാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ് ഇട്ടിക്കുന്നേൽ.

പ്രതിഷേധ പ്രകടനത്തിന് ശേഷം പാലായിൽ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ കോലം പ്രവർത്തകർ കത്തിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയിൽ അണിനിരന്നത്. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.

Photo and News Source: Mathrubhumi