കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്ത തീരുമാനത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. വി ഡി സതീശന്റെ ഈ സ്ഥാനലബ്ധി ഭരണത്തിൽ മുസ്ലീം ലീഗിന്റെ സ്വാധീനം വർധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ കൂടുതൽ അർഹതയുള്ള വ്യക്തിയെ പരിഗണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് അദ്ദേഹം മുതിർന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. വി ഡി സതീശന് പുറമെ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. കെ സി വേണുഗോപാലിന് കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നെങ്കിലും, ഘടകക്ഷികളുടെയും അണികളുടെയും പിന്തുണ വി ഡി സതീശന് അനുകൂലമായി മാറുകയായിരുന്നു.
Photo and News Source: Sathyam Online










