വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കണ്ണൂർ ഡി.സി.സി ഓഫീസിൽ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ഹൈക്കമാൻഡിന്റെ നിർണ്ണായക പ്രഖ്യാപനം വന്നതിന് പിന്നാലെ നൂറിലധികം കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഡി.സി.സി ഓഫീസിൽ ഒത്തുചേർന്നു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവർത്തകർ തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.

കഴിഞ്ഞ 11 ദിവസങ്ങളായി സംസ്ഥാനത്ത് മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ ഹൈക്കമാൻഡ് വി.ഡി. സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഈ മഞ്ഞുരുകുകയായിരുന്നു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ഒറ്റക്കെട്ടായാണ് പ്രവർത്തകർ ഈ നേട്ടത്തെ വരവേറ്റത്.

ആഘോഷപരിപാടികൾക്ക് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. വി.പി. അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, കെ.പി. ഷാജു, പി. മാധവൻ മാസ്റ്റർ, പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പ്രവർത്തകരുടെ ആവേശം വാനോളം ഉയർന്ന അന്തരീക്ഷത്തിലായിരുന്നു കണ്ണൂരിലെ ഡി.സി.സി ഓഫീസ് പരിസരം.

Photo and News Source: Kerala Online News