കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയിൽ ദീർഘകാലമായി അച്ചടക്കം പാലിച്ചിട്ടും താൻ അവഗണിക്കപ്പെട്ടുവെന്നും, സീനിയോരിറ്റി പരിഗണിക്കാൻ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഈ സാഹചര്യത്തിൽ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ചേരാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട പ്രമുഖ നേതാവായിരുന്നു രമേശ് ചെന്നിത്തല. 102 സീറ്റുകളുമായി ചരിത്ര വിജയം നേടിയിട്ടും, മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വം പത്ത് ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിലായിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പാർട്ടിക്കെതിരെ വലിയ വിമർശനങ്ങൾക്കും അവമതിപ്പിനും കാരണമായിരുന്നു.

മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തമ്മിലുണ്ടായ തർക്കം തെരുവിലേക്ക് വരെ നീളുന്ന കാഴ്ചയാണ് കേരളം കണ്ടത്. നേതാക്കളെ പിന്തുണച്ച് പ്രവർത്തകർ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ജനവികാരം കൂടി കണക്കിലെടുത്താണ് ഒടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് ഇപ്പോൾ പാർട്ടിയിൽ പുതിയ ഭിന്നതകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

Photo and News Source: Kerala Kaumudi