കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും ആധ്യാത്മിക ആചാര്യനുമായിരുന്ന പി. മാധവജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ 'കേരള ക്ഷേത്ര പുരസ്‌കാരം' ആധ്യാത്മിക ആചാര്യനും ശ്രേഷ്‌ഠാചാര സഭയുടെ തലവനുമായ എം.ടി. വിശ്വനാഥന് ലഭിച്ചു. മേയ് 24-ന് കോഴിക്കോട്ട് വെച്ച് നടക്കുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം ഔദ്യോഗികമായി സമ്മാനിക്കും.

പ്രഫ. പി.എം. ഗോപി, എം. മോഹനൻ, സി.കെ. കുഞ്ഞ്, ഡോ. വിജയരാഘവൻ, ഇ. കുഞ്ഞിരാമൻ, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, കെ.എസ്. നാരായണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. തലശ്ശേരി കതിരൂർ ചാലമഠത്തിൽ മാധവന്റെയും കക്കോടി മോരീക്കര കാരാട്ട് മീമ്പിടി തെക്കേടത്ത് പത്മാവതി ബ്രാഹ്മിണിയമ്മയുടെയും മകനാണ് എം.ടി. വിശ്വനാഥൻ.

പി. മാധവജി പാലിയം വിളംബരത്തിലൂടെ മുന്നോട്ടുവെച്ച ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ജാതിഭേദമന്യേ എല്ലാവർക്കും ആചാരാനുഷ്ഠാനങ്ങൾ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ശ്രേഷ്ഠാചാര സഭ രൂപീകരിച്ചത്. കഴിഞ്ഞ 33 വർഷമായി ജാതിമത ഭേദമില്ലാതെ പൂജാ പരിശീലനം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായി വിപുലമായ ശിഷ്യപരമ്പര അദ്ദേഹത്തിനുണ്ട്. കെ.കെ. വാസന്തിയമ്മയാണ് ഭാര്യ. മലയാള മനോരമ ചീഫ് റിപ്പോർട്ടർ വി. മിത്രൻ മകനാണ്.

Photo and News Source: Mathrubhumi