നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ശൈലിയിലൂടെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നേതാവാണ് വി.ഡി. സതീശൻ. സമുദായ നേതൃത്വങ്ങളുടെ തിണ്ണനിരങ്ങാതെ, സ്വന്തം ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം കെട്ടിപ്പടുത്ത രാഷ്ട്രീയ ജീവിതം പുതുതലമുറയ്ക്ക് വലിയൊരു മാതൃകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹത്തിന്റെ രീതി, ജെൻസി തലമുറയെപ്പോലും ആകർഷിക്കുന്ന ഒന്നാണ്.

1964 മെയ് 31-ന് എറണാകുളം നെട്ടൂരിലാണ് വി.ഡി. സതീശൻ ജനിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദങ്ങളും നേടിയ അദ്ദേഹം, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. എം.ജി സർവകലാശാലാ യൂണിയൻ ചെയർമാനായും എൻ.എസ്.യു ദേശീയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം, പിന്നീട് അഭിഭാഷകവൃത്തിയിലും സജീവമായി.

1996-ൽ പറവൂരിൽ ആദ്യമായി മത്സരിച്ചപ്പോൾ പരാജയം രുചിച്ചെങ്കിലും, ആ മണ്ഡലത്തെ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച സതീശൻ 2001-ൽ വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി. തുടർന്ന് അഞ്ച് തവണ പറവൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം, നിയമസഭയിലെ മികച്ച പ്രകടനങ്ങളിലൂടെയും ലോട്ടറി മാഫിയക്കെതിരായ പോരാട്ടങ്ങളിലൂടെയും ശ്രദ്ധേയനായി. മൂർച്ചയുള്ള വാദങ്ങളും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുമാണ് അദ്ദേഹത്തെ സമകാലികരിൽ നിന്ന് വേറിട്ടുനിർത്തുന്നത്.

കോൺഗ്രസ് വിപ് ഉൾപ്പെടെയുള്ള പദവികൾ വഹിച്ച സതീശന്റെ വളർച്ച, കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണ്. വിദ്യാർത്ഥി കാലഘട്ടം മുതൽ പ്രസംഗ വേദികളിലും സംവാദങ്ങളിലും തിളങ്ങിയ അദ്ദേഹം, ഇന്ന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാക്കളിൽ ഒരാളായി മാറിയിരിക്കുന്നു. പാർലമെന്ററി മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയത്തിന്റെ അടിസ്ഥാനം.

Photo and News Source: Sathyam Online