പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ദീർഘകാലം തുടരുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര മുന്നറിയിപ്പ് നൽകി. സ്വിറ്റ്സർലൻഡിൽ നടന്ന ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ രാജ്യം സാമ്പത്തിക അച്ചടക്കം പാലിച്ചും ധനക്കമ്മി കുറയ്ക്കുന്നതിനുള്ള കൃത്യമായ പാതയിലുമാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലെ ഉപരോധവും മധ്യേഷ്യയിലെ യുദ്ധസാഹചര്യവും ആഗോളതലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. ഇന്ത്യ ഇന്ധനത്തിനും വളത്തിനും വൻതോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായതിനാൽ, ഈ വിതരണ തടസങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

പ്രതിസന്ധി ഇനിയും നീണ്ടുനിൽക്കുകയാണെങ്കിൽ, അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന ഇന്ധനവിലയുടെ ഭാരം സാധാരണക്കാരിലേക്ക് കൈമാറാൻ സർക്കാർ തീരുമാനമെടുത്തേക്കാം. നേരത്തെ, ഇന്ധനത്തിന്റെയും ഭക്ഷ്യ എണ്ണയുടെയും ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95 രൂപയ്ക്ക് താഴേക്ക് ഇടിഞ്ഞതും സാമ്പത്തിക മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Photo and News Source: Sathyam Online