പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ, പേർഷ്യൻ ഗൾഫിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച എൽപിജി ടാങ്കറായ 'എംവി സൺഷൈൻ' ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങുകയാണ്. സംഘർഷഭരിതമായ മേഖലയിൽ നിന്ന് സുരക്ഷിതമായി മാറ്റുന്ന പതിനഞ്ചാമത്തെ എൽപിജി കപ്പലാണിത്. കപ്പലിന്റെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അതീവ ജാഗ്രതയോടെ രംഗത്തുണ്ട്.
മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ, ഇന്ത്യൻ നാവികസേന നിരീക്ഷണവും സംരക്ഷണ നടപടികളും ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, തങ്ങളുടെ സായുധ സേന അതീവ ജാഗ്രതയിലാണെന്ന് ഇറാഖ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമി നിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ച് പത്ത് ആഴ്ചകൾ പിന്നിടുമ്പോൾ, ഊർജ്ജ വിപണിയിലുണ്ടായ ഈ തടസ്സങ്ങൾ ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. എൽപിജി ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ഇന്ത്യയിലേക്കുള്ള സുരക്ഷിതമായ വരവ് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര-സൈനിക തലങ്ങളിൽ ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
Photo and News Source: Sathyam Online







