മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രസ്താവനകളെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. സുകുമാരൻ നായർ പറയുന്ന കാര്യങ്ങളിൽ കൃത്യമായ അർഥമുണ്ടെന്നും, അദ്ദേഹം ഒരിക്കലും അനവസരത്തിൽ അഭിപ്രായങ്ങൾ പറയുന്ന ആളല്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. അദ്ദേഹം ഒരു നിലപാട് സ്വീകരിച്ചുവെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഇടപെട്ടതിനെതിരെ സുകുമാരൻ നായർ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഘടകകക്ഷികളുടെ സമ്മർദം മൂലമാണ് തീരുമാനങ്ങൾ വഴിമുട്ടിയതെന്നും, ഇത് പ്രശ്നങ്ങൾ വഷളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ലീഗിനെതിരായ അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ താൻ വിവാദത്തിനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണസ്തംഭനത്തെക്കുറിച്ചും സുകുമാരൻ നായർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുഡിഎഫിന് ലഭിച്ച 102 സീറ്റുകളുടെ ശോഭ കെട്ടുവെന്നും, ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റുകൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനാധിപത്യ മര്യാദകൾ പാലിക്കാതെ കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങൾ മാറ്റം ആഗ്രഹിച്ചാണ് വോട്ട് ചെയ്തതെന്നും, യുഡിഎഫിന്റെ വിജയം അവരുടെ മാത്രം മിടുക്കല്ലെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടിരുന്നു.
Photo and News Source: Janmabhumi










