കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വി ഡി സതീശൻ. കോൺഗ്രസ് പാർട്ടി തന്നിൽ അർപ്പിച്ച വലിയ ഉത്തരവാദിത്തത്തെ ദൈവനിയോഗമായാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചത് 'ടീം യുഡിഎഫ്' ആണെന്നും, ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എഐസിസി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും സതീശൻ പ്രത്യേക നന്ദി രേഖപ്പെടുത്തി. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തനിക്ക് ഏറെ പ്രിയപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുകേരളം കെട്ടിപ്പടുക്കുന്നതിനായി ഒരു ടീമായി പ്രവർത്തിക്കുമെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളം നിലവിൽ സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും, എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിർവ്വചനം തന്നെ മാറ്റി എഴുതുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്നും, പുതുയുഗ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Photo and News Source: Asianet News









