മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ (DIBF 2026) കേരളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ക് ഹൗസ് സജീവ സാന്നിധ്യമാകുന്നു. മെയ് 14 മുതൽ 23 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളയിൽ സ്റ്റാൾ നമ്പർ ഒ515-ലാണ് യുവത തങ്ങളുടെ പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്. ഇസ്ലാമിക ഗ്രന്ഥങ്ങൾ, ചരിത്രം, പൊതുവിജ്ഞാനം, ഹദീസ് പഠനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഇവിടെ വായനക്കാർക്കായി ലഭ്യമാണ്.
പ്രമുഖ പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമി രചിച്ച 'സ്വഹീഹുൽ ബുഖാരി'യുടെ സമ്പൂർണ്ണ വിവർത്തനവും വ്യാഖ്യാനവും ഈ സ്റ്റാളിലെ പ്രധാന ആകർഷണമാണ്. കൂടാതെ, ആറു വാള്യങ്ങളിലായി പുറത്തിറക്കിയ '1921 മലബാർ സമരം', കവാടം ബുക്‌സിന്റെ 'മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ' എന്നീ ഗ്രന്ഥങ്ങളും കുട്ടികൾക്കായി മലയാളം പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകളും ഇവിടെ ലഭ്യമാണ്. വായനക്കാർക്കായി പ്രത്യേക ഡിസ്‌കൗണ്ടുകളും ബണ്ടിൽ ഓഫറുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കായി യുവത അവതരിപ്പിക്കുന്ന 'വീട്ടിൽ ഒരു ലൈബ്രറി' എന്ന പദ്ധതിയും മേളയുടെ ഭാഗമായി ശ്രദ്ധേയമാകുന്നു. പുസ്തകമേളയിൽ നിന്ന് നിശ്ചിത തുകയ്ക്കുള്ള പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നവർക്ക്, അവ സുരക്ഷിതമായി നാട്ടിലെ വിലാസത്തിൽ എത്തിച്ചു നൽകുന്ന സൗകര്യം ഇതിലൂടെ ലഭിക്കും. മികച്ച വായനാനുഭവം ഉറപ്പാക്കുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 6677 2199 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Mathrubhumi









