ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാൻ സായുധസേനയുടെ നിയന്ത്രണത്തിലാണെന്നും, ഈ പാതയിലൂടെ അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് ആയുധങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് അക്രാമിനിയയാണ് അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. മുൻ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അബ്ദൊൽ റഹ്‌മാൻ മൗസവിയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന ഏത് രാജ്യവും ഇറാൻ സായുധസേനയുടെ മേൽനോട്ടം സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തരത്തിൽ സഹകരിച്ചാൽ മാത്രമേ സുരക്ഷിതമായ യാത്ര സാധ്യമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗം ഐആർജിസി (IRGC) നാവികസേനയുടെയും കിഴക്കുഭാഗം ഇറാൻ നാവികസേനയുടെയും നിയന്ത്രണത്തിലാണെന്നും, ഇത് മേഖലയിലെ ഇറാന്റെ പരമാധികാരം ഉറപ്പിക്കുന്നുവെന്നും അക്രാമിനിയ വ്യക്തമാക്കി.
ഇറാന്റെ മിസൈൽ-ആണവശേഷി തകർക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ശത്രുക്കളുടെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ ഇപ്പോഴത്തെ സൈനിക നയം ആക്രമണോത്സുകമാണെന്നും, ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തെറ്റിനും കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐആർജിസി നാവിക വിഭാഗം ഡെപ്യൂട്ടി സയീദ് സിയാസൊരാനിയും അമേരിക്കയ്ക്കും പ്രസിഡന്റ് ട്രംപിനും എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
അമേരിക്കയോ ട്രംപോ എന്തെങ്കിലും മണ്ടത്തരം കാണിക്കാൻ മുതിർന്നാൽ, പേർഷ്യൻ ഉൾക്കടൽ അമേരിക്കൻ മറീനുകളുടെ ശ്മശാനമാക്കി മാറ്റുമെന്ന് സിയാസൊരാനി ഭീഷണി മുഴക്കി. മേഖലയിലെ സംഘർഷാവസ്ഥ നിലനിൽക്കെ, ഇറാന്റെ ഈ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Photo and News Source: Mathrubhumi










