ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വിലയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരവുമായി കിയ ഇന്ത്യ രംഗത്ത്. തങ്ങളുടെ പുതിയ ഇലക്ട്രിക് എംപിവിയായ കാരെന്‍സ് ക്ലാവിസ് ഇവി (Kia Carens Clavis EV) 'ബാറ്ററി ആസ് എ സര്‍വീസ്' (BaaS) പദ്ധതിയിലൂടെ കമ്പനി വിപണിയിലെത്തിച്ചു. ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ വിലയും ബാറ്ററിയുടെ വിലയും വേര്‍തിരിച്ച് വായ്പ എടുക്കാന്‍ സാധിക്കും. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുമായി സഹകരിച്ചാണ് കിയ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ സ്മാര്‍ട്ട് വായ്പ പദ്ധതി പ്രകാരം കാരെന്‍സ് ക്ലാവിസ് ഇവി സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വില 12.84 ലക്ഷം രൂപയായി കുറയുന്നു. വെറും 51,520 രൂപയുടെ ഡൗണ്‍ പേയ്മെന്റില്‍ ഉപഭോക്താക്കള്‍ക്ക് ഈ വാഹനം സ്വന്തമാക്കാം. ബാറ്ററി സബ്സ്‌ക്രിപ്ഷനായി കിലോമീറ്ററിന് 3.3 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിന്റെ ഷാസിക്ക് 60 മാസവും ബാറ്ററിക്ക് 96 മാസവും വരെ തിരിച്ചടവ് കാലാവധി ലഭിക്കും. ഇത് സാധാരണക്കാര്‍ക്ക് ഇവി സ്വന്തമാക്കാനുള്ള സാമ്പത്തിക ഭാരം വലിയ തോതില്‍ കുറയ്ക്കുന്നു.

വാഹനത്തിന്റെ സാങ്കേതിക വശങ്ങളിലേക്ക് വന്നാല്‍, 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 42 kWh ബാറ്ററി മോഡലിന് 404 കിലോമീറ്ററും, 51.4 kWh ബാറ്ററി മോഡലിന് 490 കിലോമീറ്ററും റേഞ്ച് ലഭിക്കുമെന്ന് എആര്‍എഐ (ARAI) സാക്ഷ്യപ്പെടുത്തുന്നു. 99 kW, 126 kW ശേഷിയുള്ള മോട്ടോറുകളാണ് വാഹനത്തിന് കരുത്തേകുന്നത്. 255 Nm ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ ഈ മോട്ടോറുകള്‍ക്ക് സാധിക്കും.

കിയയുടെ പരമ്പരാഗത ആഡംബരവും സൗകര്യങ്ങളും കാരെന്‍സ് ക്ലാവിസ് ഇവിയിലും നിലനിര്‍ത്തിയിട്ടുണ്ട്. മൂന്ന് വരി സീറ്റിംഗ് സൗകര്യം, അത്യാധുനിക ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്. രാജ്യത്ത് സുസ്ഥിരമായ ഒരു ഇവി ഇക്കോ സിസ്റ്റം വളര്‍ത്തിയെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കിയ ഇന്ത്യ ചീഫ് സെയില്‍സ് ഓഫീസര്‍ സണ്‍ഹാക്ക് പാര്‍ക്ക് വ്യക്തമാക്കി.

Photo and News Source: DriveSpark