മലയാളികളുടെ പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്റർ ആദർശ് ഷേണായിയും ഭാര്യ വർഷയും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ്. പഴയ ബീറ്റിൽ കാറിന് പകരമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഏറ്റവും പുതിയ ന്യൂജെൻ സെൽറ്റോസ് എസ്‌യുവിയാണ് ഇവർ സ്വന്തമാക്കിയത്. 'നമ്മുടെ അധ്വാനത്തിലൂടെ മറ്റൊരു അതിഥി' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വളരെ ആഘോഷമായാണ് ഇരുവരും വാഹനത്തിന്റെ ഡെലിവറി ഏറ്റുവാങ്ങിയത്. കറുപ്പ് നിറത്തിലുള്ള സെൽറ്റോസാണ് ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്. കിയയുടെ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ തത്ത്വചിന്തയിൽ ഒരുങ്ങിയ ഈ വാഹനം മികച്ച സ്പോർട്ടി ലുക്കാണ് നൽകുന്നത്. 10.99 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
പുതിയ സെൽറ്റോസിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ സെൽറ്റോസിൽ 6 എയർബാഗുകൾ, ESC, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Photo and News Source: DriveSpark










