എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് അറുതിയായി. നിശ്ചയിച്ച പ്രകാരം മെയ് 15-ന് തന്നെ ഫലപ്രഖ്യാപനം നടത്താൻ പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നായിരിക്കും ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക. ഈ തീരുമാനത്തിന് ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, വിഷയ വിദഗ്ധർ എന്നിവർ പങ്കെടുത്തു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഫലപ്രഖ്യാപനം നീണ്ടുപോകുമോ എന്ന ആശങ്ക വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ഉണ്ടായിരുന്നു.
ഫലപ്രഖ്യാപനം നിശ്ചയിച്ച തീയതിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപക-വിദ്യാർഥി സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അധികൃതർ അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതോടെ വിദ്യാർഥികളുടെ കാത്തിരിപ്പിന് മെയ് 15-ഓടെ പരിസമാപ്തിയാകും.
Photo and News Source: Kairali News









