ഡല്‍ഹിയിൽ വച്ച് നടന്ന സംഘടനാ യോഗത്തിലാണ് കെസി വേണുഗോപാലിനെ കേരള മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം എടുത്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിൽ വച്ച് നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു. നിയമസഭാ കക്ഷി യോഗം ചേരുകയും കെസി വേണുഗോപാലിന്റെ പേര് അംഗീകരിക്കുകയും ചെയ്താൽ, അദ്ദേഹത്തിന് സത്യപ്രതിജ്ഞാ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയും. പ്രഖ്യാപനം നാളെയോ വെള്ളിയാഴ്ചയോ നടത്തുമെന്ന് കരുതപ്പെടുന്നു.
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് മുന്നോടിയായാണ് ദീപാദാസ് മുന്‍ഷിയുടെ വരവ്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തില് വരുന്നത്. 102 സീറ്റുകളുടെ ഭൂരിപക്ഷമുള്ള ഐക്യ ജനാധിപത്യ മുന്നണിയില് 63 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസിലെ നിയമസഭാ കക്ഷിയില് മൂന്നില് രണ്ട് ഭൂരിപക്ഷമാണ് കെസി വേണുഗോപാലിന് ലഭിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാരില് മൂന്നില് രണ്ട് ഭൂരിപക്ഷവും അദ്ദേഹത്തിനാണ്. കെപിസിസി അധ്യക്ഷനും, കെപിസിസി വർക്കിംഗ് പ്രസിഡന്റും, മറ്റ് ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെ പാർട്ടി ഭാരവാഹികളുടെ ഭൂരിപക്ഷവും കെസി വേണുഗോപാലിനോടാണ്.
എന്നിരുന്നാലും, പൊതുസമൂഹത്തിലെ ജനപിന്തുണയും പൊതുവിലയിരുത്തലുകളിലും വിഡി സതീശന് വലിയ മുന്‍തൂക്കമാണുള്ളത്. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പലരിലും ഉള്ളതായി കാണുന്നു. എന്നാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കാലാകാലങ്ങളായി പാലിക്കുന്ന നടപടിക്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമസഭാ കക്ഷിയുടെ ഭൂരിപക്ഷം പരിഗണിക്കുന്നത്. ഈ പ്രക്രിയയിലൂടെയാണ് കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് പുതിയ ഉണർവോടെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ ഇന്നുതന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് ലൈവ് വാർത്തകൾ വിട്ടുകൊണ്ടിരിക്കുന്നു. എന്നാൽ, പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പ്രമുഖ മലയാളം വാർത്താ ചാനലുകളുടെ ഡൽഹി റിപ്പോർട്ടർമാർക്കും ഈ കാര്യം അറിയാം. ചാനൽ റേറ്റിംഗ് പിടിച്ചുനിർത്തുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് വിമർശനങ്ങളും ഉയരുന്നു. യുഡിഎഫ് സർക്കാരിന്റെ തിരിച്ചുവരവിനോടൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ വാതാവരണവും സജീവമായിക്കൊണ്ടിരിക്കുകയാണ്.
Photo and News Source: Sathyam Online










