നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കി സിബിഐ. രാജസ്ഥാനിലെ ജാംവ രാംഘട്ട് സ്വദേശികളായ സഹോദരങ്ങൾ മങ്കിലാൽ, ദിനേശ് ഭിവാൽ എന്നിവരെയും മഹാരാഷ്ട്രയിലെ പുണെയിൽ നിന്ന് ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സിബിഐക്ക് കൈമാറി. ഗുരുഗ്രാമിലെ ഒരു ഡോക്ടറിൽ നിന്ന് പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് 30 ലക്ഷം രൂപ നൽകിയാണ് സഹോദരങ്ങൾ ചോദ്യപേപ്പർ വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരുടെ കുടുംബത്തിലെ നാല് കുട്ടികൾ കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ പാസായെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സിക്കാറിലെ എംബിബിഎസ് കൗൺസിലിങ് ഏജന്റായ രാകേഷ് കുമാറാണ് ചോദ്യപേപ്പർ വൻതോതിൽ വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ ഏകദേശം 700-ഓളം പേർക്ക് ചോദ്യപേപ്പർ വിറ്റതായാണ് സൂചന. കേരളത്തിൽ എംബിബിഎസിന് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിക്ക് 30,000 രൂപയ്ക്ക് ചോദ്യപേപ്പർ നൽകിയതും ഇയാളാണ്. രാകേഷ് കുമാറിനെ ദെഹ്‌റാദൂണിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് അറസ്റ്റിലായ ശുഭം ഖൈർനാർ എന്ന ബിഎഎംഎസ് വിദ്യാർഥിയും കേസിൽ നിർണായക കണ്ണിയാണ്. പുണെ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങിയ ഇയാൾ, അത് ഹരിയാണയിലെ ഒരാൾക്ക് 15 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു. അന്വേഷണം നടക്കുന്നതറിഞ്ഞ് രൂപമാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ക്ഷേത്രദർശനത്തിനിടെയാണ് സിബിഐ പിടികൂടിയത്. രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്ന് തെളിവുകൾ ശേഖരിച്ച് സിബിഐ അന്വേഷണം രാജ്യവ്യാപകമായി വ്യാപിപ്പിച്ചിരിക്കുകയാണ്.
Photo and News Source: Mathrubhumi










