ബോളിവുഡ് പിന്നണി ഗായകന്‍ ജൂബിന്‍ നൗട്ടിയാല്‍ തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ അത്യാധുനിക ഇലക്ട്രിക് സെഡാനായ 'i7' സ്വന്തമാക്കിയാണ് അദ്ദേഹം ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. പുതിയ കാറിന് പകരം പ്രീ-ഓണ്‍ഡ് (സെക്കന്‍ഡ് ഹാന്‍ഡ്) ലക്ഷ്വറി കാറുകള്‍ വില്‍ക്കുന്ന പ്രമുഖ ഡീലര്‍ഷിപ്പായ 'ബിഗ് ബോയ് ടോയ്സ്' വഴിയാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് വാഹനം കൈമാറിയത്.

കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള സെലിബ്രിറ്റികള്‍ എന്തുകൊണ്ട് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ തിരഞ്ഞെടുക്കുന്നു എന്ന ചോദ്യം പലരിലും ഉയരാറുണ്ട്. ലക്ഷ്വറി കാറുകളുടെ ആദ്യ വര്‍ഷങ്ങളിലെ വലിയ വിലയിടിവ് (Depreciation) ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാമ്പത്തിക കൃത്യതയോടെയുള്ള മികച്ചൊരു തീരുമാനമായാണ് ജൂബിന്റെ ഈ നീക്കത്തെ വാഹനലോകം നോക്കിക്കാണുന്നത്. തമിഴ് സിനിമകളിലൂടെയും മറ്റും ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ് ഈ ഗായകന്‍.

സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തുന്ന വാഹനമാണ് ബിഎംഡബ്ല്യു i7. 101.7 kWh ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഇതിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 515 മുതല്‍ 625 കിലോമീറ്റര്‍ വരെ റേഞ്ച് ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിക്കുന്ന ഈ വാഹനത്തിന് 544 hp കരുത്തും 745 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. എക്‌സ്‌ഡ്രൈവ് ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.

യാത്രക്കാര്‍ക്ക് തികച്ചും ശാന്തമായ അനുഭവം സമ്മാനിക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ ഉള്‍വശം ഒരു തിയേറ്ററിന് സമാനമാണ്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കായി 31.3 ഇഞ്ച് വലിപ്പമുള്ള 8K റെസല്യൂഷന്‍ ഡിസ്‌പ്ലേ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ബിഎംഡബ്ല്യു i7-ല്‍ ഒരുക്കിയിട്ടുണ്ട്. ആഡംബരവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വാഹനം ജൂബിന്‍ നൗട്ടിയാലിന്റെ ഗാരേജിലെ ഏറ്റവും മികച്ച കൂട്ടിച്ചേര്‍ക്കലായി മാറിയിരിക്കുകയാണ്.

Photo and News Source: DriveSpark