പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജവാർത്തയ്‌ക്കെതിരെ രംഗത്തെത്തി. കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ മൂന്ന് ദിവസമായി വിശ്രമത്തിലായിരുന്ന താൻ, സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു ക്രൂരമായ വാർത്തയെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ അച്ഛന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പങ്കുവെച്ച അഭിലാഷ്, ഇത്തരം വാർത്തകൾ കുടുംബാംഗങ്ങളെ എത്രത്തോളം വേദനിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. 'ഈ വാർത്തയൊക്കെ വീട്ടിലിരിക്കുന്ന, ബൈപാസ് സർജറി കഴിഞ്ഞ എന്റെ അച്ഛൻ കണ്ടാലുള്ള അവസ്ഥ എന്താകും? ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ എനിക്ക് അറിയാം, പക്ഷേ അവർക്കെതിരെ പ്രതികരിക്കാൻ ഇപ്പോൾ സമയമില്ല,' അദ്ദേഹം പറഞ്ഞു. ഇന്ന് ഡോക്ടറെ കാണാൻ പോയപ്പോഴും താൻ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിലാഷിന്റെ പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആരെയും എപ്പോൾ വേണമെങ്കിലും മരിപ്പിക്കാൻ മടിയില്ലാത്തവരായി ചിലർ മാറിയിരിക്കുന്നുവെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും ആരാധകർ ചോദിക്കുന്നു. ഒരു മനുഷ്യനെ ഇത്തരത്തിൽ മാനസികമായി ഉപദ്രവിക്കുന്നത് ക്രൂരവിനോദമാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. തന്നെ വിളിച്ചന്വേഷിച്ചവർക്കും സ്നേഹം പങ്കുവെച്ചവർക്കും അഭിലാഷ് പിള്ള നന്ദി അറിയിച്ചു. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Photo and News Source: Malayali Life










