എറണാകുളം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഴ്ചകളായി തുടരുന്ന കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. അരയൻകാവ് നിവാസികളുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് ജനപ്രതിനിധികളും പിന്തുണ നൽകി. മാസങ്ങളായി തുടരുന്ന ജലവിതരണത്തിലെ തടസ്സം പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ജനങ്ങളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
ചൊവ്വാഴ്ച രാവിലെ വെളിയനാട് ടാങ്കിൽ നിന്ന് അരയൻകാവിലേക്ക് വെള്ളം എത്തേണ്ടതായിരുന്നുവെങ്കിലും ഉച്ചയായിട്ടും ലഭിച്ചില്ല. അന്വേഷണത്തിൽ വെളിയനാട് സ്കൂളിന് സമീപം പൈപ്പ് പൊട്ടിയതാണ് തടസ്സത്തിന് കാരണമെന്ന് വ്യക്തമായി. മുൻപും സമാനമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ 'ഇപ്പ ശരിയാക്കിത്തരാം' എന്ന വാഗ്ദാനം നൽകി അധികൃതർ സമരക്കാരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ ഈ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ചർച്ചയ്ക്ക് തയ്യാറായി. നിലവിലെ തകരാറുകൾ അടിയന്തരമായി പരിഹരിക്കുമെന്നും, കേടായ നാല് വാൽവുകൾ മാറ്റി സ്ഥാപിക്കുമെന്നും എഎക്സ്ഇ, എഇ എന്നിവർ ഉറപ്പുനൽകി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ പമ്പിങ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പിന്മേൽ വൈകിട്ട് ആറുമണിയോടെയാണ് സമരം അവസാനിപ്പിച്ചത്.
ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കർണകി രാഘവൻ, എം.കെ. സുരേന്ദ്രൻ, ശ്രീരാജ് കെ.ആർ. എന്നിവർ സമരത്തിന് നേതൃത്വം നൽകി. കുടിവെള്ളം പൂർണ്ണമായി ലഭിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജനപ്രതിനിധികൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
Photo and News Source: Sathyam Online










