മലപ്പുറം മങ്കട പന്തല്ലൂർ മലയിലെ വ്യൂ പോയിന്റിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ ദാരുണമായി മരണപ്പെട്ട സംഭവം അതീവ ദുഃഖകരമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ വ്യക്തമാക്കി. അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടം കുടുംബത്തിനും നാടിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വെള്ളില സ്വദേശികളായ റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നീ വിദ്യാർഥികളുടെ വേർപാടിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമാനമായ ദുരിതവാർത്തകൾ വരുന്നത് ഗൗരവകരമാണെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. പ്രകൃതിക്ഷോഭങ്ങൾ മുൻനിർത്തി പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
മരണപ്പെട്ടവരുടെ പരലോക ജീവിതം സന്തോഷകരമാകട്ടെ എന്ന് പ്രാർത്ഥിച്ച അദ്ദേഹം, പ്രകൃതി ദുരന്തങ്ങളിൽ നിന്നും പെട്ടെന്നുള്ള അപകടമരണങ്ങളിൽ നിന്നും അല്ലാഹു ഏവരെയും കാത്തുരക്ഷിക്കട്ടെ എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Photo and News Source: Siraj Live









