അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ ഒടുവിൽ പിടിയിലായി. പത്തനംതിട്ട കൊല്ലമുള തുലാപ്പള്ളി മൂലക്കയം ഉഴത്തിൽ വീട്ടിൽ പൊന്നമ്മ (65) ആണ് വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്. 2000 ജൂലൈ 30-നായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരമായ ആക്രമണം നടന്നത്.
കുടുംബവൈരാഗ്യത്തെ തുടർന്നാണ് പൊന്നമ്മ അയൽവാസിയായ ശശിധരന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ ശശിധരന്റെ കണ്ണിന് ഗുരുതരമായി പൊള്ളലേൽക്കുകയും ഭാഗികമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
2003-ൽ കോടതി പൊന്നമ്മയെ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ശിക്ഷയിൽ ഇളവ് നേടിയെങ്കിലും, ശിക്ഷ അനുഭവിക്കാൻ തയ്യാറാകാതെ ഇവർ ഒളിവിൽ പോവുകയായിരുന്നു. നീണ്ട 26 വർഷക്കാലം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി.
ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ കുറ്റവാളികൾക്കെതിരെയുള്ള നടപടികൾ കർശനമാക്കിയതോടെയാണ് പൊന്നമ്മ കുടുങ്ങിയത്. പൊന്നമ്മയുടെ ഭർത്താവും സ്ഥിരം കുറ്റവാളിയുമായ പൊന്നപ്പനെ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ പ്രതി കീഴടങ്ങുകയായിരുന്നു. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്.
Photo and News Source: Sathyam Online









