മുസ്ലിം സ്ത്രീകൾ പാട്ടുപാടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. സ്ത്രീകൾ പാട്ടുപാടുകയും സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ഭൂമി പിളർന്ന് ആളുകളെ വിഴുങ്ങുന്നതിനും, മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് മദ്യപാനവും സംഗീതവും വ്യാപകമാകുമ്പോഴാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
വിവാഹ വേദികളിലെ ഗാനമേളകൾ, പൊതുപരിപാടികളിലെ സ്ത്രീകളുടെ സാന്നിധ്യം, സോഷ്യൽ മീഡിയയിലെ പെൺകുട്ടികളുടെ പ്രകടനം എന്നിവയെ അദ്ദേഹം വിമർശിച്ചു. അന്യപുരുഷന്മാരോട് സംസാരിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്പത് വർഷം മുൻപ് സ്ത്രീകൾ പാലിച്ചിരുന്ന ഹിജാബ് നിയമങ്ങളും മാന്യതയും ഇന്ന് നഷ്ടപ്പെട്ടുവെന്നും, ഇതിന് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഫൈസി ആരോപിക്കുന്നു.
സ്കൂൾ തലം മുതൽ പെൺകുട്ടികളെ പാട്ടുപാടാൻ പ്രോത്സാഹിപ്പിക്കുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. മതപരമായ വേദികളിൽ പോലും സ്ത്രീകൾ പുരുഷന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും, പൊതുസ്ഥലങ്ങളിൽ ലജ്ജയില്ലാതെ പെരുമാറുന്നതും ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. തിരുനബിയുടെ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
Photo and News Source: Janmabhumi










