സംസ്ഥാനത്ത് സ്വർണവിലയിൽ അഭൂതപൂർവമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 1275 രൂപയുടെ വർധനവോടെ ഒരു പവൻ സ്വർണത്തിന് 1,23,220 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മെയ് 5-ന് രേഖപ്പെടുത്തിയ 1,09,400 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവയിൽ വരുത്തിയ മാറ്റങ്ങളാണ് വില വർധനവിന് പ്രധാന കാരണം. ഇറക്കുമതി തീരുവ 10 ശതമാനമായും, അഞ്ച് ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് ആയും വർധിപ്പിച്ചു. ഇതോടെ ആകെ നികുതി ഭാരം 15 ശതമാനമായി ഉയർന്നു. നേരത്തെ ഇത് ആറ് ശതമാനമായിരുന്നു.
അസംസ്‌കൃത എണ്ണയ്ക്കും സ്വർണത്തിനുമായി വലിയ തോതിൽ ഡോളർ ചെലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രം അസാധാരണ ഗസറ്റിലൂടെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. വിദേശ നാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാൻ ഒരു വർഷത്തേക്കെങ്കിലും സ്വർണ ഉപഭോഗം കുറയ്ക്കണമെന്നായിരുന്നു നിർദ്ദേശം.
നിലവിൽ തന്നെ റെക്കോർഡ് വിലയിൽ നിൽക്കുന്ന സ്വർണത്തിന് പുതിയ നികുതി വർധനവ് വലിയ തിരിച്ചടിയാണ്. വരും ദിവസങ്ങളിലും സ്വർണവിലയിൽ വൻ വർധനവ് ഉണ്ടാകാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
Photo and News Source: Samakalika Malayalam









