തമിഴ്നാട് നിയമസഭയിൽ ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ വിശ്വാസവോട്ട് നേടി അധികാരമുറപ്പിച്ചു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 144 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് കൂറുമാറിയ 25 എം.എൽ.എമാരുടെ പിന്തുണയും ടി.വി.കെക്ക് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, പ്രധാന പ്രതിപക്ഷമായ ഡി.എം.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിൽ തങ്ങൾ ഭാഗമാകില്ലെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസവോട്ട് നേടിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം കൂടുതൽ ശക്തമായി ചുവടുറപ്പിക്കുകയാണ്.
ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഗവർണറുമായുള്ള തർക്കങ്ങൾക്കും ശേഷമാണ് ടി.വി.കെ സർക്കാർ അധികാരമേറ്റത്. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ ടി.വി.കെക്ക് സാധിച്ചിരുന്നില്ല. തുടർന്ന് കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്. ഇതോടെ 234 അംഗ നിയമസഭയിൽ 120 പേരുടെ പിന്തുണയോടെ ഭരണം സുരക്ഷിതമാക്കാൻ വിജയ്ക്ക് സാധിച്ചു.
Photo and News Source: Suprabhaatham










