തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാതെ കോൺഗ്രസ് പ്രതിസന്ധിയിൽ തുടരുമ്പോൾ, എൽ.ഡി.എഫിൽ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കങ്ങൾ ശക്തമാകുന്നു. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്തുമെന്ന സൂചനകൾ ശക്തമാണെങ്കിലും, ഉപനേതൃപദവിക്ക് സി.പി.ഐ അവകാശവാദം ഉന്നയിച്ചത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഡൽഹിയിൽ നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലോ, സംസ്ഥാന സെക്രട്ടേറിയറ്റിലോ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ എൽ.ഡി.എഫും തങ്ങളുടെ നേതൃനിരയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
ഉപനേതൃപദവി ഘടകകക്ഷികൾക്ക് നൽകുന്ന കീഴ്വഴക്കം ഇല്ലെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കുന്നു. 2011-ൽ വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. അന്ന് സി.പി.ഐക്ക് 15 എം.എൽ.എമാർ ഉണ്ടായിരുന്നിട്ടും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരസ്യപ്രസ്താവനകൾ മുന്നണി മര്യാദകൾക്ക് വിരുദ്ധമാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഓർമ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സി.പി.എമ്മിൽ മാത്രം കെട്ടിവെക്കാനുള്ള സി.പി.ഐയുടെ നീക്കവും നേതൃത്വത്തെ അതൃപ്തിയിലാക്കിയിട്ടുണ്ട്. ആശാസമരം, പി.എം. ശ്രീ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ബിനോയ് വിശ്വത്തിന്റെ പരാമർശങ്ങൾ മുന്നണി ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുന്നുണ്ടോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഉപനേതൃപദവി സംബന്ധിച്ച ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും വ്യക്തമാക്കിയിട്ടുണ്ട്.
Photo and News Source: Suprabhaatham










