അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ മുഹമ്മദും ഇടംപിടിച്ചു. ഖത്തര്‍ ദേശീയ കോച്ച് ജൂലന്‍ ലോപ്‌റ്റെഗിയാണ് ടീമിനെ പ്രഖ്യാപിച്ചത്. അക്രം അഫീഫ്, ഹസന്‍ അല്‍ ഹൈദോസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം വിങ്ങറായ തഹ്‌സിനും ടീമിലെത്തിയത് മലയാളികള്‍ക്ക് വലിയ അഭിമാനമായിരിക്കുകയാണ്.
കണ്ണൂര്‍ വളപട്ടണം സ്വദേശിയായ ജംഷിദിന്റെയും ഷൈമയുടെയും രണ്ടാമത്തെ മകനാണ് 19 വയസ്സുകാരനായ തഹ്‌സിന്‍. 2005-ല്‍ ഖത്തറിലാണ് താരം ജനിച്ചത്. 2021-ല്‍ ഖത്തര്‍ അണ്ടര്‍-16 ടീമിലൂടെ ശ്രദ്ധേയനായ തഹ്‌സിന്‍, പിന്നീട് അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലും അല്‍ ദുഹൈല്‍ ക്ലബിന്റെ സീനിയര്‍ ടീമിലും തന്റെ സാന്നിധ്യം അറിയിച്ചു. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് തഹ്‌സിന്‍.
ആസ്പയര്‍ അക്കാദമിയില്‍ പരിശീലനം നേടുന്ന തഹ്‌സിന്‍, എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ടില്‍ ലെബനനെതിരെ ഗോള്‍ നേടി മികവ് തെളിയിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന എന്നിവരാണ് ഖത്തറിന്റെ എതിരാളികള്‍. മെയ് 15-ന് ടീം പരിശീലനം ആരംഭിക്കും.
ജൂണ്‍ രണ്ടിന് മുമ്പായി 23 മുതല്‍ 26 പേര്‍ വരെ അടങ്ങുന്ന അന്തിമ ടീമിനെ പ്രഖ്യാപിക്കും. അന്തിമ പട്ടികയില്‍ തഹ്‌സിന്‍ ഇടംപിടിച്ചാല്‍, ഫിഫ ലോകകപ്പില്‍ കളിക്കുന്ന ആദ്യ മലയാളി എന്ന നേട്ടം താരം സ്വന്തമാക്കും. 42-കാരനായ സെബാസ്റ്റ്യന്‍ സോറിയ ഉള്‍പ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങളും ടീമിലുണ്ട്. മെയ് 28-നും ജൂണ്‍ 6-നും ഖത്തര്‍ സന്നാഹ മത്സരങ്ങളിലും പങ്കെടുക്കും.
Photo and News Source: Suprabhaatham










