നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. പിണറായി ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലായിരുന്നുവെന്നും, പ്രചാരണ നായകനായി മാത്രം നിന്നാൽ മതിയായിരുന്നുവെന്നുമാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. പിണറായി മത്സരിക്കാതെ, ഭരണമാറ്റത്തിന് പാർട്ടി തയ്യാറാണെന്ന സന്ദേശം നൽകിയിരുന്നെങ്കിൽ തിരിച്ചടിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി.

സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ പാളിച്ചകൾ സംഭവിച്ചതായി എ. വിജയരാഘവനും ബംഗാളിൽ നിന്നുള്ള ചില അംഗങ്ങളും ചൂണ്ടിക്കാട്ടി. കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റിയതടക്കമുള്ള തീരുമാനങ്ങൾ തിരിച്ചടിയായെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്ത രീതിയിൽ പോരായ്മകൾ ഉണ്ടായതായി എം.എ. ബേബിയും അഭിപ്രായപ്പെട്ടു. അതേസമയം, തനിക്കോ ഭരണത്തിനോ എതിരായ വികാരമല്ല തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് പിണറായി വിജയൻ യോഗത്തിൽ വാദിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ നിലപാടിനെ പിന്തുണച്ചു.

പ്രതിപക്ഷ നേതാവായി പി.എ. മുഹമ്മദ് റിയാസിനെ പരിഗണിക്കണമെന്ന അനൗപചാരിക ചർച്ചകൾ ഉയർന്നപ്പോൾ പൊളിറ്റ് ബ്യൂറോയിലെ യുവനേതാക്കൾ ഉൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്. പാർട്ടിക്കുള്ളിൽ മുസ്‌ലിം സ്വാധീനം അമിതമാണെന്ന വ്യാജ പ്രചാരണം ശക്തമായതും ചർച്ചയായി. 2011-ൽ ബംഗാളിൽ ഭരണം നഷ്ടപ്പെട്ടപ്പോൾ ബുദ്ധദേവ് ഭട്ടാചാര്യ ഉന്നയിച്ച ന്യായീകരണങ്ങൾക്ക് സമാനമാണ് പിണറായിയുടെ വാദങ്ങളെന്ന് ചില അംഗങ്ങൾ പരിഹസിച്ചു. പാർട്ടിയിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ ശ്രമം വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

Photo and News Source: Janmabhumi