സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ വരുത്തിയ വൻ വർധനവ് വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പുതുക്കിയ കസ്റ്റംസ് വിജ്ഞാപന പ്രകാരം, അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി. ഇതോടെ, സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് ഒറ്റയടിക്ക് സ്വർണം ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലെത്തി. പവന് 10,200 രൂപയുടെ വർധനവാണ് ഉണ്ടായത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,120 രൂപയായി ഉയർന്നു. അടിസ്ഥാന കസ്റ്റംസ് തീരുവയ്ക്ക് പുറമെ അഞ്ച് ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ് (AIDC) കൂടി ചേരുന്നതോടെ മൊത്തം നികുതി ഭാരം 15 ശതമാനമായി വർധിച്ചു. നേരത്തെ ഇത് ആകെ ആറ് ശതമാനം മാത്രമായിരുന്നു.
വിവാഹ സീസൺ അടുത്തിരിക്കെ ഉണ്ടായ ഈ വിലക്കയറ്റം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനുമാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1,040 രൂപ വർധിച്ച് 12,640 രൂപയായി. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായത്; ഗ്രാമിന് 30 രൂപ വർധിച്ച് 3,200 രൂപയായി.
അതേസമയം, ഇറക്കുമതി തീരുവയിലെ ഈ വർധനവ് സ്വർണക്കള്ളക്കടത്തിന് വഴിയൊരുക്കുമെന്ന് കേരള ഗോൾഡ് ആൻഡ് മെർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു. നികുതി ഘടനയിലുണ്ടായ ഈ മാറ്റം ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇനിയും ഉയരാൻ കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
Photo and News Source: Dhanam








