കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി (79) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്രചികിത്സയുമായി ബന്ധപ്പെട്ട ചെറിയൊരു ശസ്‌ത്രക്രിയയ്‌ക്കായാണ് അവരെ ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സോണിയാ ഗാന്ധി ആശുപത്രിയിൽ ചികിത്സ തേടുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചെങ്കിലും ശസ്‌ത്രക്രിയ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നേരത്തെ ജനുവരിയിൽ ശ്വാസതടസത്തെത്തുടർന്നും മാർച്ചിൽ ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്നും സോണിയാ ഗാന്ധി ചികിത്സ തേടിയിരുന്നു. ഡൽഹിയിലെ 10 ജൻപഥിൽ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകളിൽ ഇന്നലെ വരെ അവർ സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി നടത്താനിരുന്ന കൂടിക്കാഴ്‌ചകൾ നീളാനാണ് സാദ്ധ്യത.

ഈ സാഹചര്യം കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തെയും ബാധിച്ചേക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് പാർട്ടിക്ക് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. എഐസിസി തലത്തിൽ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, സോണിയാ ഗാന്ധിയുടെ അസാന്നിധ്യം അന്തിമ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Photo and News Source: Kerala Kaumudi Latest