സ്വർണ്ണ വിപണിയിൽ അഭൂതപൂർവ്വമായ വിലക്കയറ്റം. സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയതിന് പിന്നാലെയാണ് സ്വർണ്ണവില കുതിച്ചുയർന്നത്. ഇന്നലെ 1,12,920 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 1,23,120 രൂപയായി വർദ്ധിച്ചു. ഒറ്റ ദിവസം കൊണ്ട് 10,200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 1,275 രൂപയും വർദ്ധിച്ചു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണ്ണവില എത്തിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയൊരു തുക വർദ്ധിക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് സ്വർണ്ണ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മെയ് അഞ്ചിന് 1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. സ്വർണ്ണത്തിന് പുറമെ വെള്ളിയുടെ വിലയിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെള്ളിക്ക് 3,200 രൂപയുമാണ് നിലവിലെ വിപണി നിരക്ക്.

നേരത്തെ ആറ് ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് ഇപ്പോൾ ഒമ്പത് ശതമാനം വർദ്ധിപ്പിച്ച് 15 ശതമാനമാക്കി ഉയർത്തിയത്. സ്വർണ്ണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിർത്താനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. വിവാഹ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Photo and News Source: Kerala Kaumudi Latest