ആനക്കൊമ്പ് കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആന്റണി വർഗീസ് ചിത്രം 'കാട്ടാളൻ' മേയ് 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, വന്യവും ഭയാനകവുമായ ദൃശ്യാനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 'മാർക്കോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം സുനിൽ, ദുഷാര വിജയൻ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, രാജ് തിരുദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കെ.ജി.എഫ് ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രവി ബസ്രൂറും കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെ നിർവഹിക്കുമ്പോൾ, കെച്ച കെംബഡികെയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും എം.ആർ. രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും കൈകാര്യം ചെയ്യുന്നു. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പി.ആർ.ഒ.

Photo and News Source: Kerala Kaumudi Latest