ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ തരംഗം സൃഷ്ടിക്കാൻ കിയ ഒരുങ്ങുന്നു. നിലവിൽ വിപണിയിലുള്ള കിയ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ടാറ്റ നെക്‌സോൺ ഇവി, മഹീന്ദ്ര XUV 3XO ഇവി തുടങ്ങിയ പ്രമുഖ മോഡലുകൾക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഈ വാഹനം. ഓഗസ്റ്റ് മാസത്തോടെ സിറോസ് ഇവി വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിറോസ് ഇവിയുടെ ഡിസൈൻ നിലവിലെ പെട്രോൾ, ഡീസൽ പതിപ്പുകളിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെ തുടരും. ബോക്സി രൂപവും ടോൾബോയ് സ്റ്റാൻസും നിലനിർത്തിക്കൊണ്ടുതന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായ ചില മാറ്റങ്ങൾ ഇതിൽ വരുത്തും. പാസഞ്ചർ-സൈഡ് ഫ്രണ്ട് ഫെൻഡറിലായിരിക്കും ചാർജിംഗ് പോയിന്റ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, പുതിയ അലോയ് വീലുകളും പ്രത്യേക ബമ്പറുകളും വാഹനത്തിന് ലഭിക്കും.

ഇന്റീരിയറിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ കിയ ഉൾപ്പെടുത്തും. K1 പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന വാഹനം ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷനിലായിരിക്കും പ്രവർത്തിക്കുക. ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയുമായി സാമ്യമുള്ള ബാറ്ററി പായ്ക്കുകൾ ഇതിൽ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

ഏകദേശം 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് എസ്‌യുവിക്ക് 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും വിപണി വില പ്രതീക്ഷിക്കുന്നത്. കിയയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായിരിക്കും ഇതെന്നതിനാൽ വാഹനപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണുള്ളത്.

Photo and News Source: DriveSpark