ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ സ്പോർട്ടി കമ്മ്യൂട്ടർ വിഭാഗത്തിന് പുതിയ മാനം നൽകിയ ടിവിഎസ് റൈഡർ 125 വൻ നേട്ടത്തിലേക്ക്. 2021-ൽ വിപണിയിലെത്തിയ ഈ ബൈക്ക് ചുരുങ്ങിയ കാലം കൊണ്ട് 19 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് പിന്നിട്ടിരിക്കുന്നത്. ആഭ്യന്തര വിപണിയിലും വിദേശ വിപണികളിലും ഒരുപോലെ സ്വീകാര്യത നേടിയ റൈഡർ, ടിവിഎസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

കമ്പനിയുടെ മൊത്തം മോട്ടോർസൈക്കിൾ വിൽപ്പനയുടെ മൂന്നിലൊന്ന് ഭാഗവും റൈഡറിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ 16.20 ലക്ഷം യൂണിറ്റുകൾ ഇന്ത്യൻ നിരത്തുകളിലും, 2.86 ലക്ഷം യൂണിറ്റുകൾ വിദേശ വിപണികളിലുമാണ് വിറ്റഴിച്ചത്. ഈ മികച്ച പ്രകടനം ബൈക്കിന്റെ ജനപ്രീതി വിളിച്ചോതുന്നു. ഈ നേട്ടത്തിന്റെ ആഘോഷമായി കമ്പനി അടുത്തിടെ 2026 മോഡൽ റൈഡർ 125 വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തു.

പുതിയ 2026 മോഡലിൽ ഡ്രം, സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ്, iGO, SSE, SXC DD, TFT DD എന്നിങ്ങനെ നിരവധി വേരിയന്റുകൾ ലഭ്യമാണ്. 82,860 രൂപ മുതൽ 98,550 രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില. നൈട്രോ ഗ്രീൻ ഉൾപ്പെടെയുള്ള പുതിയ കളർ ഓപ്ഷനുകളും, സ്പോർട്ടി ലുക്ക് നൽകുന്ന ഗ്രാഫിക്സും ബൈക്കിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

സാങ്കേതികമായി ഏറെ മുന്നിലാണ് പുതിയ റൈഡർ. ടോപ്പ്-സ്‌പെക്ക് വേരിയന്റുകളിൽ ഓറഞ്ച്-ബ്ലാക്ക് തീമിലുള്ള പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നൽകിയിട്ടുണ്ട്. നാവിഗേഷൻ, കോൾ അലേർട്ടുകൾ, റൈഡ് അനലിറ്റിക്‌സ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകൾ ഇതിലുണ്ട്. 124.8 സിസി എയർ-ആൻഡ്-ഓയിൽ-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഗ്ലൈഡ് ത്രൂ ട്രാഫിക് സാങ്കേതികവിദ്യയും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷനും ഇതിന്റെ പ്രത്യേകതകളാണ്.

Photo and News Source: DriveSpark